തിരൂരങ്ങാടി: വീട്ടു നമ്പർ ലഭിക്കാൻ ജനൽ പൊളിക്കണം, അല്ലെങ്കിൽ കൈക്കൂലി നൽകണം എന്നാവശ്യപ്പെട്ട് പണം വാങ്ങിയ ഓവർ സിയറും ഡ്രൈവറും വിജിലൻസിന്റെ പിടിയിലായി. നന്നമ്പ്ര പഞ്ചായത്ത് ഓവർസിയർ കൊടിഞ്ഞി പനക്കത്തായം സ്വദേശി ജഫ്സൽ (34), ഡ്രൈവർ പരപ്പനങ്ങാടി പ്രയാഗ് തീയേറ്ററിന് സമീപം പനയാങ്കര ദിജിലേഷ് (36) എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി തിലായിൽ ഷഹീറിന്റെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹം ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമിച്ചു പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ പ്ലാനിൽ ഇല്ലാത്ത സ്ഥലത്ത് ജനൽ വെച്ചതായി പറഞ്ഞു പെർമിറ്റ് നൽകാനാവില്ലെന്നു അറിയിച്ചു. പിന്നീട് ഡ്രൈവർ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ഓവർസിയർക്ക് പണം നൽകിയാൽ ശരിയാക്കാമെന്നു പറഞ്ഞു.
1000 രൂപ കൊടുത്തെങ്കിലും ഇവർ സമ്മതിച്ചില്ല, 3000 വേണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദേശ പ്രകാരം ഇന്ന് രാവിലെ ഡ്രൈവറെ ബന്ധപ്പെട്ടു. ഓഫീസിൽ വരാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് പണം കൈമാറി. കാത്തുനിന്ന വിജിലൻസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Comments are closed.