തിരൂരിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡ് നിർമാണം; ഹാക്കിംഗ് ബംഗാളിൽ നിന്ന്

മലപ്പുറം: മലപ്പുറം തിരൂർ ആലിങ്ങലിലെ അക്ഷയസെന്ററിൽ ആധാർ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാർ കാർഡുകൾ സൃഷ്ടിച്ചെടുത്ത സംഭവത്തിൽ സംസ്ഥാന പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും രഹസ്യാന്വേഷണവിഭാഗവും ആധാർ നുഴഞ്ഞുകയറ്റം അന്വേഷിക്കുമെന്നാണ് സൂചന. ആധാർ മെഷീനിൽ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാർ എന്റോൾമെന്റ് നടത്തുകയായിരുന്നു. അതിർത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയിൽ വിലാസമോ രേഖകളോ ഇല്ലാത്തവർക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു.

തിരൂരിലെ അക്ഷയസെന്ററിലെ ആധാർ മെഷീനിൽ നിന്നും എന്റോൾ ചെയ്ത 38 എൻട്രികൾ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ആധാറുകൾ സസ്പെൻഡ് ചെയ്തു.

 

ജനുവരി 12-ന് ആണ് തിരൂർ ആലിങ്ങലിലെ അക്ഷയ സെന്ററിലേക്ക് ഡൽഹിയിൽനിന്നും യു.ഐ.ഡി. അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തി ഫോൺകോൾ വന്നത്. അക്ഷയയിലെ ആധാർ മെഷീൻ പതിനായിരം എന്റോൾമെന്റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്ന് വ്യക്തമാക്കി. തുടർന്ന് ‘എനിഡെസ്ക്’ എന്ന സോഫ്റ്റ്വെയർ കണക്ട് ചെയ്യാൻ പറഞ്ഞു. യു.ഐ.ഡിയിൽ നിന്നാണെന്നതിനാൽ സംശയമേതുമില്ലാതെ എനിഡെസ്ക്ക് കണക്ട് ചെയ്തു. ഇതോടെ മറ്റൊരു കമ്പ്യൂട്ടറിൽ നിന്നും ആധാർ മെഷീൻ ഉപയോഗിക്കാമെന്ന സ്ഥിതിയായി.

അൽപസമയം കഴിഞ്ഞ് വെരിഫിക്കേഷൻ പൂർത്തിയായെന്നും ടെസ്റ്റിങ്ങിന്റെ ഭാഗമായി ഒരാളുടെ എന്റോൾമെന്റ് നടത്താൻ ആവശ്യപ്പെടുന്നു. അക്ഷയ സെന്റർ ഇത് ചെയ്യുന്നു. ഇതിന് ശേഷം യു.ഐ.ഡി. അഡ്മിനാണെന്ന് പരിചയപ്പെടുത്തിയ ആൾ എല്ലാം ഓക്കെയാണ് നിങ്ങൾ തുടർന്നോളൂ എന്നുപറഞ്ഞ് എനിഡെസ്ക് കണക്ഷൻ വിച്ഛേദിച്ചു. ഇതിനിടയിൽ തിരൂരിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിലേക്ക് അവർക്ക് ആവശ്യമുള്ള ഡേറ്റ കയറ്റിവിട്ടു. ഇത് അക്ഷയ സെന്റർ അറിഞ്ഞതേയില്ല. ജനുവരി 12-ന് 65 ആധാർ എന്റോൾമെന്റാണ് അക്ഷയസെന്റർ നടത്തിയത്. ഇതിൽ 38 എണ്ണവും സംശയാസ്പദമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓരോ ആധാർ എന്റോൾമെന്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. അപ് ലോഡ് ചെയ്യുന്ന രേഖകളും വിരലടയാളം, കണ്ണ് എന്നിവയും പരിശോധിക്കും. ഈ പരിശോധനയിലൂടെയെല്ലാം 38 ആധാർ എന്റോൾമെന്റും കടന്നുപോവുകയും അന്തിമഅംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷമുള്ള വിരലടയാളം, കണ്ണ് എന്നിവ പകർത്തിയതിലുള്ള ഗുണനിലവാരം പരിശോധിക്കുന്നതിനിടെയാണ് സംശയം തോന്നിയത്. ജനുവരി 25-നായിരുന്നു ഈ കണ്ടെത്തൽ. തുടർന്ന് വിശദമായ പരിശോധന നടത്തി. അപ് ലോഡ് ആയിരിക്കുന്നത് തിരൂരിലെ ആധാർ മെഷീനിൽ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉൾപ്പടെയുള്ള പകർത്തലുകളുടെ ലൊക്കേഷൻ പശ്ചിമബംഗാൾ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണെന്ന് വ്യക്തമായി. ഇതിൽ പശ്ചിമബംഗാളിലെ ലൊക്കേഷൻ അതിർത്തിയോട് ചേർന്നുള്ളതാണ്.

ഇതേതുടർന്ന് യു.ഐ.ഡി. അധികൃതർ ജനുവരി 30-ന് കേരളത്തെ വിവരം അറിയിച്ചു. ജനുവരി 31-ന് മലപ്പുറം ജില്ലാ അക്ഷയ ഓഫീസിൽ നിന്നും തിരൂരിലെ അക്ഷയ സംരഭകന് നോട്ടീസ് നൽകി വിളിപ്പിച്ച് മൊഴിയെടുക്കുകയും ഡേറ്റകൾ ശേഖരിക്കുകയും ചെയ്തു. ആധാർ മെഷീൻ മരവപ്പിച്ചു. ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചു. തുടർന്ന് അക്ഷയസംരംഭകൻ തന്നെ തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മലപ്പുറം ജില്ലാ ഓഫീസിൽ നിന്നും സൈബർ പോലീസിലേക്കും പരാതി ഓൺലൈനായി നൽകി.

Comments are closed.