കാദറലി സെവൻസിന് നാളെ കിക്കോഫ്

പെരിന്തൽമണ്ണ: 51-ാമത് കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ (ഞായർ) കിക്കോഫ്. കാദർ ആന്‍ഡ് മുഹമ്മദലി സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റില്‍ 24 ടീമുകളാണ് പങ്കെടുക്കുന്നത്. രാത്രി 7.30ന് മത്സരം ആരംഭിക്കും.
10,000 പേർക്ക് ഇരുന്ന് മത്സരം കാണാന്‍ കഴിയുന്ന സ്റ്റീൽ ഗ്യാലറി തയ്യാറായിക്കഴിഞ്ഞു. ഈ വർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാവുന്നതും ഒരേസമയം മൂന്ന് പേരെ കളിക്കളത്തിലിറക്കാവുന്നതുമാണ്. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ബെയ്സ് പെരുമ്പാവൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും. ഓരോ മത്സരത്തിനൊപ്പം വെറ്ററൻസ് ഫുട്ബോളും അണ്ടർ-20 മത്സരവും നടക്കും.
ടൂർണമെന്റ് ഉദ്ഘാടനം നജീബ് കാന്തപുരം എം എൽ എ നിർവഹിക്കും.

വിളംബര ഘോഷയാത്ര വൈകുന്നേരം 4 മണിക്ക് പ്രസന്റേഷൻ സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി നെഹ്റു സ്റ്റേഡിയത്തിൽ പ്രവേശിക്കും.
ടൂർണമെന്റിലെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അശരണരായ രോഗികൾ, നിരാലംബരായ കുടുംബങ്ങൾ, കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം എന്നിവക്കായി വിനിയോഗിക്കും.

Comments are closed.