ജിദ്ദ: പദ്ധതിയില്‍ അംഗമായിരിക്കെ സൗദിയില്‍വച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് സഹായമായി 5000 റിയാല്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതിയുടെ കാമ്പയിന് തുടക്കമിട്ടു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ 2024-25 വര്‍ഷത്തെ അംഗത്വ കാമ്പയിനാണ് ‘കരുതലിന്റെ സാന്ത്വന സ്പര്‍ശം’ എന്നേ പേരില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 1 മുതല്‍ 31 വരെ പദ്ധതിയില്‍ അംഗമാവാം. കാമ്പയിന്റെ ഉദ്ഘാടനം സൗദി കെഎംസിസി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. മണ്ഡലം, പഞ്ചായത്ത്, ഏരിയ തലങ്ങളിലൂടെ നടത്തേണ്ട ഫോം വിതരണോദ്ഘാടനം ഇന്ന് സൗദി സമയം രാത്രി 9 മണിക്ക് ഇമ്പിരിയല്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു. കെഎംസിസിയുടെ മണ്ഡലം, പഞ്ചായത്ത്, ഏരിയ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുക്കും.
പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് സഹായമായി ലഭിക്കുക. കൂടാതെ ചികിത്സ സഹായം, പ്രവാസ വിരാമ ആനുകൂല്യം തുടങ്ങിയ സഹായങ്ങളും ലഭിക്കും. പദ്ധതി അംഗം വിദേശത്ത് മരണപ്പെടുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ടതായി വരികയും ചെയ്താല്‍ നിബന്ധനകള്‍ക്ക് വിധേയമായി അയ്യായിരം റിയാല്‍ വരെ അടിയന്തിര സഹായം നല്‍കും. ഈ തുക കുറച്ച് ബാക്കി തുകയായിരിക്കും പിന്നീട് മരണാനന്തര സഹായമായി കുടുംബത്തിന് നല്‍കുകയെന്ന് അവര്‍ വ്യക്തമാക്കി. 60 റിയാലാണ് ഒരു വര്‍ഷത്തെ അംഗത്വ ഫീസ്.2000ല്‍ ആരംഭിച്ച പദ്ധതി വഴി ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടര കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ മരണപ്പെട്ട 44 പേരുടെ കുടുംബങ്ങള്‍ക്കുള്ള 1.75 കോടി രൂപയും ഉള്‍പ്പെടും.
സൗദി നാഷണല്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴിലും സുരക്ഷ പദ്ധതികളുണ്ട്. മൂന്നു പദ്ധതികളിലും അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംഹത്തിന് 20 ലക്ഷത്തോളം രൂപ ലഭിക്കും. 13000 ത്തില്‍ പരം അംഗങ്ങളുള്ള മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ 15 മണ്ഡലം കമ്മിറ്റികളും 85ല്‍ പരം പഞ്ചായത്തു കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
Comments are closed.