തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല. കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ധാരണ. കൊല്ലം ആർഎസ്പിക്ക് തന്നെ നൽകും. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂർ, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോൺഗ്രസിനും ആർഎസ്പിക്കും നൽകും. മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടായെന്നും കോൺഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.
മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. മലബാറിൽ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
Comments are closed.