മോഹൻ ബഗാനെതിരെ ചരിത്ര വിജയം; കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്ര വിജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സന്ദർശകരുടെ ജയം. ഒമ്പതാം മിനിറ്റിൽ ദിമിത്രിയോസ് ​ഡൈമന്റാകോസാണ് മഞ്ഞപ്പടക്കായി ഗോൾ നേടിയത്.

ബഗാന്റെ ഡിഫണ്ടർമാരെ കബളിപ്പിച്ച് ഒറ്റക്ക് ​മുന്നേറിയായിരുന്നു ഡിമിത്രിയോസിന്റെ ഇടംകാലിൽനിന്ന് അതിമനോഹരമായ ഗോൾ പിറന്നത്. ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. ഒരൊറ്റ ഷോട്ട് പോലും ബഗാന് അടിക്കാനായില്ല.

രണ്ടാം പകുതിയിൽ ആതിഥേയർ ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം മാറിനിന്നു. മോഹൻ ബഗാനെതിരെ ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.

ആറ് മത്സരങ്ങളാണ് നേരത്തെ ഇരു ടീമുകളും മുഖാമുഖം വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലും മോഹൻ ബഗാനായിരുന്നു ജയം. ഒരു മത്സരം സമനിലയിൽ കലാശിച്ചു.

മത്സര ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 12 മത്സരങ്ങളിൽനിന്ന് എട്ട് ജയത്തോടെ 26 പോയിന്റായി ബ്ലാസ്റ്റേഴ്സിന്. ഒമ്പത് മത്സരങ്ങളിൽനിന്ന് ഏഴ് ജയവുമായി 23 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ഗോവക്ക്.

Comments are closed.