പട്ടാമ്പി നേർച്ച: ഗതാഗത നിയന്ത്രണം തുടങ്ങി

പട്ടാമ്പി: പട്ടാമ്പി നേർച്ചക്ക് തുടക്കമായി. രാവിലെ 11ന് യാറം പരിസരത്ത് നേർച്ചയുടെ കൊടിയേറ്റം നടക്കും. കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തിൽ 60 ഉപാഘോഷ കമ്മിറ്റികൾ പങ്കെടുക്കും.

വൈകീട്ടോടെ വിവിധയിടങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മേലേ പട്ടാമ്പിയിൽ സംഗമിക്കും. തുടർന്ന്, ആറിന് പട്ടാമ്പി ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ നഗരപ്രദക്ഷിണ ഘോഷയാത്ര നടക്കും.

ഘോഷ യാത്രയ്ക്കു മുന്നിൽ നേർച്ചയ്ക്ക് നേതൃത്വംനൽകിയ റാവുത്തന്മാർ ആനകളും വാദ്യഘോഷങ്ങളുമായി അണിനിരക്കും. ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണപുതുക്കിയാണ് നേർച്ചയാഘോഷം. നാളെ പുലർച്ചെ നാലിന് നടക്കുന്ന അപ്പപ്പെട്ടിവരവ് ചടങ്ങോടെയാണ് നേർച്ച സമാപിക്കുക.

ഗതാഗത നിയന്ത്രണം ഇങ്ങനെ

രണ്ട് ഘട്ടങ്ങളിലായാണ് പട്ടാമ്പിയിൽ ഗതാഗതനിയന്ത്രണം നടക്കുക. കൊടിയേറ്റത്തിന്റെ ഭാഗമായി ഉച്ചക്ക് 12 വരെയും വൈകീട്ട് 3.30 മുതൽ രാത്രി 9.30 വരെയുമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക. നിയന്ത്രണമുള്ള സമയങ്ങളിൽ പട്ടാമ്പി പ്രധാനപാതവഴി വാഹനഗതാഗതം അനുവദിക്കില്ല.

1. പെരിന്തൽമണ്ണ ഭാഗത്തുനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പം ഭാഗത്തുനിന്ന്‌ മുതുതല- വെളിയാങ്കല്ല് വഴി പോകണം.

2. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന്‌ പാലക്കാട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന്‌ മുളയൻകാവ്- വല്ലപ്പുഴ വഴി പോകണം.

3. പാലക്കാട് ഭാഗത്തുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തുനിന്ന്‌ കയിലിയാട്- മുളയങ്കാവ്- വല്ലപ്പുഴ വഴി പോകണം.

4. പാലക്കാട് ഭാഗത്തുനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തുനിന്ന്‌ ചെറുതുരുത്തി- പള്ളം- കൂട്ടുപാത വഴി പോകണം.

5. ഗുരുവായൂർ ഭാഗത്തുനിന്ന്‌ പാലക്കാട് ഭാഗത്തേക്കുപോവുന്ന വാഹനങ്ങൾ കൂട്ടുപാത വഴി ചെറുതുരുത്തി- പള്ളം വഴി പോകണം.

6. ഗുരുവായൂർ ഭാഗത്തുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കൂറ്റനാട് ഭാഗത്തുനിന്ന്‌ തൃത്താല- വെള്ളിയാങ്കല്ല് വഴി പോകണം.

Comments are closed.