ഡ്രൈവിംഗ് ടെസ്റ്റ്‌: വിവാദ തീരുമാനം എം വി ഡി പിൻവലിച്ചു

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ ഗ്രൗണ്ട് സജ്ജമാക്കേണ്ടതും ട്രാക്കുകള്‍ ഒരുക്കേണ്ടതും ഡ്രൈവിംഗ് സ്‌കൂളുകാരാണെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഇത് ചെറിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ പൂട്ടിപ്പോകുന്നതിന് കാരണമാകുമെന്നും പകരം വന്‍കിട കോര്‍പ്പറേറ്റുകളെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.

പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിന് ആര്‍.ടി.ഒമാരും ജോയിന്റ് ആര്‍.ടി.ഒമാരും 15 ദിവസത്തിനുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം. 13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിംഗ് ട്രാക്കിന് വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും, ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50സെന്റ് സ്ഥലമെങ്കിലും വേണ്ടി വരും.

പുതിയതായി സ്ഥലം കണ്ടെത്തുന്നതിന് റവന്യു, തദ്ദേശ അധികൃതരുടെ സഹായം തേടാം. മറ്റുമാര്‍ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമിയും പരിഗണിക്കാം. അതേസമയം ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്ന വിശദീകരണം സര്‍ക്കുലറില്‍ ഇല്ല.

Comments are closed.