ദേശീയ ഗാന വിവാദം: കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി.

കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത് വിവാദമായിരുന്നു.

പാലോട് രവി ദേശീയ ഗാനം തെറ്റിച്ചെന്ന് മനസിലാക്കിയ ടി സിദ്ദീഖ് എംഎല്‍എ ഉടനെ ഇടപെടുകയായിരുന്നു.

ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്.

തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പൊലീസിനെ സമീപിച്ചത്.

Comments are closed.