മഞ്ചേരി: മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് മൃതദേഹം ബന്ധുക്കൾക്ക് മാറിനൽകി. മങ്കട പുളിക്കൽപ്പറമ്പിൽ വെള്ളിത്തൊടി നാരായണന്റെ (79) മൃതദേഹത്തിന് പകരം ബംഗാൾ സ്വദേശിയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ നൽകിയത്.
ബംഗാൾ സ്വദേശിയുടെ ബന്ധുക്കളാണ് മൃതദേഹം മാറിക്കൊണ്ടുപോയതായി തിരിച്ചറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ നാരായണന്റെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴേക്കും അവർ ആംബുലൻസിൽ മങ്കടയിലെ വീടിനുസമീപം എത്തിയിരുന്നു. ഉടൻ മൃതദേഹം ആശുപത്രിയിൽ തിരിച്ചെത്തിച്ച് നാരായണന്റെ മൃതദേഹവുമായി മടങ്ങുകയായിരുന്നു.
വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാരായണനെ ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയത്.
മുഖം ഉൾപ്പെടെ മറച്ച് പൂർണമായും ഡ്രസ് ചെയ്തശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതെന്നും ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടായിരുന്നതിനാൽ മോർച്ചറി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് മാറിപ്പോകാൻ ഇടയാക്കിയതെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
ഇനിമുതൽ ബന്ധുക്കളെ വിളിച്ച് മൃതദേഹം ഡ്രസ് ചെയ്യുന്ന രീതി നടപ്പാക്കാൻ നിർദേശം നൽകിയതായും അധികൃതർ പറഞ്ഞു.
Comments are closed.