ബസ് കണ്ടക്ടര്‍ മാനഹാനി വരുത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് കോടതി: കണ്ടക്ടറെ വെറുതെ വിട്ടു
മഞ്ചേരി : ബസ് കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയ കോടതി പ്രതിയെ വെറുതെ വിട്ടു. സ്വകാര്യ ബസ് കണ്ടക്ടര്‍ ചാത്തമ്പുലാക്കല്‍ ഹംസക്കോയ (45)യെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) ജഡ്ജ് എസ്. രശ്മി വെറുതെ വിട്ടത്. 2022 മാര്‍ച്ച് അഞ്ചിനാണ് കേസിന്നാസ്പദമായ സംഭവം. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പരാതിക്കാരി സ്‌കുള്‍ വിട്ട് എടവണ്ണപ്പാറയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
വാഴക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 2022 മാര്‍ച്ച് 11ന് പ്രതിയെ അറസ്റ്റ് ചെയ്തു. 14 ദിവസം റിമാന്റില്‍ കഴിഞ്ഞ പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ വേളയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 14 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു. 17 രേഖകളും ഹാജരാക്കി. എന്നാല്‍ കേസ് വ്യക്തിവൈരാഗ്യത്തിന്റെ മേല്‍ കെട്ടിച്ചമതാണെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. പി ഇ മൂസയുടെ തെളിവുകള്‍ നിരത്തിയുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments are closed.