കോട്ടക്കൽ: കോട്ടയ്ക്കൽ നവീകരിച്ച ആട്ടീരി – കുഴിപ്പുറം റോഡ് പൈപ്ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കാൻ ജല അതോറിറ്റി മരാമത്ത് വകുപ്പിന് നൽകിയത് 40 ലക്ഷം രൂപ. ഒതുക്കുങ്ങൽ, പറപ്പൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് നന്നാക്കുന്നതിനു മുൻപായി പണി നടത്താൻ പലതവണ മരാമത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ജല അതോറിറ്റി വഴങ്ങിയില്ലെന്നാണ് ആക്ഷേപം.
കാലങ്ങളായി തകർന്നുകിടക്കുന്ന റോഡാണിത്. 2 വർഷം മുൻപാണ് നവീകരണത്തിനായി തുക അനുവദിച്ചത്. കഴിഞ്ഞ മാർച്ചിൽ ജോലി തുടങ്ങുന്നതു മുൻപായി മരാമത്ത് അധികൃതർ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി പലതവണ ബന്ധപ്പെട്ടതായി പറയുന്നു. എന്നാൽ, നടപടിയെടുത്തില്ല.
നവംബറിൽ റോഡിന്റെ ആദ്യഘട്ട ജോലി അവസാനിച്ചപ്പോഴാണ് റോഡ് ജലജീവൻ മിഷൻ പദ്ധതിക്കായി കീറുന്നതുസംബന്ധിച്ച അപേക്ഷ അധികൃതർ മരാമത്ത് വകുപ്പിനു നൽകിയത്.
തുടർന്നാണ് 40 ലക്ഷം രൂപ അടച്ച് പണി നടത്താൻ മരാമത്ത് വകുപ്പ് സമ്മതിച്ചത്. ഇനി ജല അതോറിറ്റിയുടെ ജോലി കഴിഞ്ഞശേഷമേ മരാമത്തിന് ശേഷിക്കുന്ന പണി നടത്താൻ കഴിയൂ. നവീകരിച്ച റോഡ് കീറിമുറിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.
Comments are closed.